Pages

Saturday, June 27, 2009



എങ്കിലും കാലമേ .....?

എന്‍റെ യൌവനത്തിന്റെ ഉമ്മറ കോലായില്‍
കാലം പണ്ടുപേഷിച്ചു പോയ
ഊന്നു വടിയെ....
ഞാനിപ്പോള്‍ പ്രണയിച്ചു ...തുടങ്ങിയിരിക്കുന്നു

മരുപച്ചകളില്ലത്ത മണല്‍ കാടുകളില്‍
എന്നെയോര്‍ത്ത് വിലപിക്കാന്‍
ഉച്ചവെയിലിന്‍റെ കഠിന ഹൃദയം ചുരത്തിയ
ഉടയാത്ത വിയര്‍പ്പു മുത്തുകള്‍ മാത്രം

ഇപ്പോള്‍,....

നിമിഷ വേഗങ്ങളില്‍ തിരികെട്ടു പോകുമീ
മണ്‍ ചിരാതില്‍...ഒരു തുള്ളി എണ്ണ പകരാതെ
പ്രണയ പരവശയായി ..
എന്നെ പുണര്‍ന്നു ഉറങ്ങുന്നു രാത്രി

എങ്കിലും കാലമേ ...
എനിക്ക് നല്‍കാനായി നീ കരുതി വച്ചിരുന്നത്
അവസാനമില്ലാത്ത ഈ രാത്രിയും .........
ഒടുങ്ങാത്ത നിശബ്ദ്ദതയും മാത്രമോ

ഈ മൌനത്തിന്റെ സമാധിയില്‍ നിന്നും
എന്നെ ഉണര്‍ത്താന്‍ വരുന്ന -
മരണത്തിന്റെ മദാലസനടന വൈഭവത്തില്‍
ഞാനല്‍പ്പാല്‍പ്പമായി ലയിച്ചു ചേരട്ടെ .....

നാളത്തെ പുലരിയോടും ഒടുവിലെത്തുന്ന
സന്ധ്യയോടും... പറയുക നിങ്ങള്‍ ....
എന്‍റെ തണുത്തുറഞ്ഞ ഹൃദയം
തുല്യമായ് പകുത്തെടുക്കാന്‍


...........അനില്‍ കുരിയാത്തി