Pages

Monday, October 26, 2009

''നിങ്ങളുടെ സൂര്യനെ അപഹരിച്ചു '

ചിലന്തി വലയില്‍ കുടുങ്ങിയ
നിശാ ശലഭത്തിനെ പോലെ...
പിടയുന്ന എന്‍റെ കൃഷ്ണമണികള്‍
ഔപചാരികതയുടെ
പൂക്കള്‍ വിതറി
വിടപറഞ്ഞകന്നു പോകുന്ന
അവസാന നിഴല്‍ തുമ്പില്‍ കുടുങ്ങി
സ്മ്രിതിയുടെ പിന്നാം പുറങ്ങളില്‍
പഴയ കാഴ്ചകള്‍ തിരയുന്നു ........

നിങ്ങള്‍ കുഴികുത്തി മൂടിയ
നിലാവിന്റെ ഇത്തിരി വെട്ടത്തെ ഓര്‍ത്തു
ഒരുജന്മം മുഴുവനീ തമസിലൊരു
കരിന്തിരിയായ് എരിയാതെരിയാം
പകരമൊരു പൌര്‍ണമിയെ
എനിക്കായ്‌ പകരുവാന്‍
ഋതുഭേതങ്ങളുടെ
പ്രണയാര്‍ദ്ര നയനങ്ങള്‍ക്കാവുമോ?

ചിതല്‍ തിന്ന സ്വപ്നങ്ങളെ
മറവിയുടെ കറുത്ത പുല്‍മേട്ടില്‍
തുറന്നു വിട്ടു
ഗണിച്ചു തീരാത്ത കടപ്പടുകളുടെ മുന്‍പില്‍
ചിരിപൂക്കള്‍ വിടര്‍ത്തി
ഇനിയുമേറെ ദൂരം താണ്ടാനുണ്ട്

ദിശ മറന്ന കണ്ണുകളോട്
ഭാരമേന്തി തളര്‍ന്ന പാദങ്ങളോട്
ചുവന്ന പുലരിയെ തിരയുന്ന ചിന്തകളോട്
ഞാനിനി എന്ത് പറയാന്‍ ...
പറയട്ടെ ....ഞാന്‍
'അവരുടെ സൂര്യനെ നിങ്ങള്‍ അപഹരിചെന്നു'

Friday, October 23, 2009

പിഴച്ചവന്‍.........

നിന്‍റെ ചുണ്ടുകളില്‍ നിന്നും
ചോര്‍ന്നു വീണൊരു ചുംബനം
സ്വന്തമാക്കി
നീല വിഹായസ്സിന്റെ
അനന്തതയില്‍
പറന്നുയര്‍ന്ന
നിശാശലഭമായി എന്‍റെ മനസ്സ്......

ഭ്രാന്തമായ രതിവൈകൃതങ്ങളുടെ
ഉച്ചസ്ഥായിയില്‍
നിന്‍റെ ജല്‍പ്പനങ്ങള്‍ കേട്ടു
ഞാന്‍ ശര്‍ദ്ദിച്ച
ദിവ്യ രേതസ്സില്‍ നിന്നും
ഉയിര്‍കൊണ്ടത്
രാത്രിയുടെ
നിശബ്ദ്ദതയെ ഭഞ്ജിച്ച
നിഴലിന്‍റെ നിശ്വാസങ്ങളയിരുന്നില്ല,...

ഭോഗാലാസ്യത്തിന്‍റെ സുഷുപ്തിയില്‍
നീ മയങ്ങുമ്പോള്‍
രാവിന്റെ കരിമ്പടത്തിനുള്ളില്‍
കരുതിവച്ച
നിന്‍റെ സ്വപ്നത്തിന്റെ ചായകൂട്ടുകള്‍
കവര്‍ന്നെടുത്തു
ഇനി ഞാന്‍ പകലിനോട് സന്ധി ചെയ്യും,..

പുലരിതുടുപ്പില്‍...
ഉണ്മെഷത്തിന്റെ
ഊര്‍ജ രേണുക്കള്‍ പകരുന്ന
അനുഭൂതിയുടെ
ലാസ്യ ഭാവങ്ങളിലലിഞ്ഞു
മാദക മോഹങ്ങളുടെ
അടങ്ങാകനലുമായി
അടുത്ത രാത്രി ഞാന്‍ മടങ്ങി വരാം
മറ്റൊരിരയെ കിട്ടിയില്ലെങ്കില്‍ മാത്രം ,...

...........................അനില്‍ കുരിയാത്തി